20 നില, 1200 അടി നീളം, ആഡംബരത്തിന്റെ അവസാന വാക്ക്; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ നിർമാണം പൂർത്തിയായി

ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക്, ഒൻപത് വേള്‍പൂളുകൾ, ഏഴ് പൂളുകൾ, ഭക്ഷണം കഴിക്കുന്നതിനും വിനോദത്തിലേർപ്പെടാനുമായി നാല്പതിലധികം സ്പോട്ടുകള്‍… കടലിൽ ചലിക്കുന്ന വിസ്മയമാകാനൊരുങ്ങുകയാണ് ‘ഐക്കൺ ഓഫ് ദി സീസ്’. 20 നിലകളുള്ള, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പലിന്റെ നി‌‍‍ർമാണം ഫിന്‍ലൻഡില്‍ പൂർത്തിയായി.

365 മീറ്റർ (ഏകദേശം 1,200 അടി) നീളമുള്ള കപ്പലിന് 2,50,800 ടണ്ണാണ് ഭാരം. യൂറോപ്പിലെ പ്രമുഖ കപ്പൽ നിർമാതാക്കളിലൊന്നായ ഫിൻലൻഡ് തുർക്കുവിലുള്ള മേയർ തുർക്കു ഷിപ്പ് യാർഡിലാണ് കപ്പൽ നിർമിച്ചത്. ഒക്ടോബറിൽ പൂർണമായും പുറത്തിറക്കുന്ന കപ്പൽ 2024 ജനുവരിയിൽ ആദ്യ സമുദ്രയാത്ര നടത്തും. ഇതിനുമുന്നോടിയായി കപ്പലിനെ റോയൽ കരീബിയൻ കപ്പൽ ശൃംഖലയോട് ചേർക്കുമെന്ന് റോയല്‍ കരീബിയന്‍ ഇന്റർനാഷണല്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ മൈക്കിള്‍ ബെയ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

ഇതേ കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ‘വണ്ടർ ഓഫ് ദി സീസ്’ ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ. 18 നിലകളും 1,188 അടി നീളവുമുള്ള കപ്പൽ കഴിഞ്ഞ വർഷമാണ് ആദ്യ സമുദ്രയാത്ര നടത്തിയത്. എന്നാൽ, ഗ്രൂപ്പിന്റെ ലേറ്റസ്റ്റ് ജനറേഷൻ കപ്പലായാണ് ‘ഐക്കൺ ഓഫ് ദി സീസി’നെ റോയൽ കരീബിയൻ അവതരിപ്പിക്കുന്നത്.

50 വർഷത്തെ പഠനത്തിലൂടെ നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാണ് ‘ഐക്കൺ ഓഫ് ദി സീസ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജത്തിനായി ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), ഫ്യുവൽ സെൽ സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചുള്ള റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ആദ്യത്തെ കപ്പൽ കൂടിയാണ് ഇത്.

5,610 യാത്രക്കാരെയും 2,350 ജീവനക്കാരെയും ഉൾക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ട്. കപ്പലിനുള്ളിൽ വാട്ടർപാർക്കും സ്വിമ്മിങ് പൂളുകളും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്കാണ് ബോട്ടിന്റെ പീസ് ഡി റെസിസ്റ്റൻസ്. ഒൻപത് വേള്‍പൂളുകളും ഏഴ് പൂളുകളും യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. റെക്കോഡ് നീളമുള്ള ആറ് വാട്ടർ സ്ലൈഡുകളാണ് കപ്പലിലുള്ളത്.

ജൂൺ 22 ഓടെ ആദ്യഘട്ട ജലപരീക്ഷണം പൂർത്തിയാക്കിയതായി കമ്പനി ഔദ്യോഗിക പ്രസ്താവനയിറക്കി. മൈലുകളോളം സഞ്ചരിച്ച് എഞ്ചിൻ, ഹള്ള്, ബ്രേക്ക് സിസ്റ്റം, സ്റ്റിയറിങ് എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തിയതായി കമ്പനി അറിയിച്ചു. 2023 അവസാനത്തോടെ രണ്ടാം ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കും. ജനുവരിയിൽ ഉദ്‌ഘാടനം നിർവഹിക്കുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലെന്ന ലേബൽ ‘ഐക്കൺ ഓഫ് ദി സീസ്’ സ്വന്തമാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*