കൊച്ചി: മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ദാക്കുകയും ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്താതിരിക്കുകയും ചെയ്ത എയർ ഏഷ്യാ വിമാനകമ്പനി ഉപഭോക്താവിന് 75,000/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. എറണാകുളം സ്വദേശികളായ കാരുളിൽ രവികുമാർ, ഭാര്യ ചന്ദ്രിക രവികുമാർ എന്നിവർ എയർ ഏഷ്യ , ഇൻഫിനിറ്റി ട്രാവൽ കെയർ, കോട്ടയം എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
2021 ലാണ് സംഭവം. 24 അംഗ യാത്ര സംഘത്തിൽ ഉൾപ്പെട്ട പരാതിക്കാർ 2021 നവംബർ മാസത്തിലാണ് വിമാനം ടിക്കറ്റ് ബുക്ക് ചെയ്തത്. പിന്നീട് 2022 ജനുവരി 29 ന് കൺഫർമേഷൻ എസ്എംഎസ് ലഭിക്കുകയും ചെയ്തു. എന്നാൽ ഗോഹാട്ടിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് അന്നെ ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനം നിമിഷം റദ്ദാക്കുകയായിരുന്നു. പകരം യാത്ര സംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ച് നൽകുകയോ ചെയ്തില്ല. സാങ്കേതികമായ കാരണങ്ങൾ മൂലം വിമാന ടിക്കറ്റ് റദ്ദാക്കുകയായിരുന്നു എന്ന് വിമാന കമ്പനി പറഞ്ഞത്. എന്നാൽ ഓവർ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ വേണ്ടിയാണ് ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പരാതിക്കാർ കോടതിയെ അറിയിച്ചത്.
വ്യേമയാന മന്ത്രാലയം പുറപ്പെടുവിച്ച പാസഞ്ചർ ചാർട്ടർ പ്രകാരം വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പെങ്കിലും അക്കാര്യം യാത്രക്കാരനെ അറിയിച്ചിരിക്കണം എന്നാണ് നിയമം. ഇതേ തുടർന്ന് അധിക യാത്രാചെലവായി 25000 രൂപയും, നഷ്ടപരിഹാരമായി 40,000 രൂപയും ,കോടതി ചെലവ് ഇനത്തിൽ 10,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി നിർദേശം നൽകുകയായിരുന്നു.
Be the first to comment