ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്, വീണ്ടും കൂപ്പുകുത്തി; ഇടിവ് ആറുശതമാനം

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി വീണ്ടും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി ഇന്ന് നേരിട്ടത്. ഇതോടെ ഓഗസ്റ്റിലെ റെക്കോര്‍ഡ് ഉയരമായ 157.53 രൂപയില്‍ നിന്ന് ഇതുവരെ 46 ശതമാനത്തിന്റെ ഇടിവാണ് ഒലയ്ക്ക് ഉണ്ടായത്.

ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിച്ചു എന്നതടക്കം വിവിധ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അനാരോഗ്യകരമായ വ്യാപാര പ്രവണതകള്‍ എന്നിവയാണ് നോട്ടീസിന് ആധാരമായ മറ്റു ലംഘനങ്ങളായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാണിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിയുടെ സാമ്പത്തികവും ദൈനംദിനവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസില്‍ പിഴ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ ഒലയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ തങ്ങളുടെ വാദം ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഒലയുടെ ഓഹരി 6.18 ശതമാനം ഇടിഞ്ഞ് 85.21 രൂപയിലെത്തി. ഓഗസ്റ്റ് 20 ന് കമ്പനിയുടെ സ്റ്റോക്ക് 157.53 രൂപ വരെ ഉയര്‍ന്നിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ നിലവാരത്തില്‍ നിന്ന് 46 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

 

Be the first to comment

Leave a Reply

Your email address will not be published.


*