ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി. ഇരുവരും കോടതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഏപ്രില്‍ 10 ന് വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി. അടുത്ത തീയതിയില്‍ ഇരുവരും ഹാജരാകണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇരുവരും ക്ഷമ ചോദിച്ചെങ്കിലും ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് പറഞ്ഞാണ് സത്യവാങ്മൂലം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. ഈ സാചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിൻ്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പരസ്യങ്ങള്‍ ആവര്‍ത്തിയ്ക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യ കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവിതശൈലി രോഗങ്ങള്‍ക്കു വേണ്ടി, ആയുര്‍വേദ ഗവേഷണത്തിൻ്റെ പിന്‍ബലത്തോടെ പതഞ്ജലി നിര്‍മ്മിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.
Be the first to comment