ബെംഗളൂരു: ആവേശം വിവാദ ഗോളും പ്രതിഷേധവുമായി മാറിയ ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് നാടകീയാന്ത്യം. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ ഏകപക്ഷീയമായ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. ഗോളിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളെ തുടർന്ന് കളംവിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയായിരുന്നു. 1-0നാണ് ബെംഗളൂരു സെമിയിലേക്ക് കടന്നത്.
97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചു ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. പിന്നാലെ മാച്ച് റഫറി എത്തി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വിവാദ ഗോളിനിടയിലും ഛേത്രി മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു.
Be the first to comment