1000 ബാർ നൽകി കുട്ടികള്‍ക്ക് സീറ്റ് നൽകിയില്ലെന്ന് പ്രതിപക്ഷം ; സഭയിൽ ബഹളം

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ തർക്കം. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, സർക്കാർ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു. മലബാറിൽ എസ്എസ്എൽസി ജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ പറഞ്ഞു. മൂന്നാംഘട്ട അലോട്ട്മെൻ്റിന് ശേഷം കുറവുണ്ടെങ്കിൽ പരിഹരിക്കാം. ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. എല്ലാം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കേട്ടത്. കോഴിക്കോട് ജില്ലയിൽ 8208 പ്ലസ് വൺ അധിക സീറ്റുകൾ ഉണ്ടാകും. പാലക്കാട് ജില്ലയിൽ 2206 സീറ്റുകളും കണ്ണൂർ ജില്ലയിൽ അഞ്ചായിരത്തിലേറെ സീറ്റുകളും ബാക്കി വരും. മലപ്പുറം ജില്ലയിൽ 74840 പ്ലസ് വൺ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് അൺ എയ്ഡഡ്, വിഎച്ച്എസ്ഇ, പോളി സീറ്റുകൾ കൂട്ടിയാൽ ഉപരിപഠനത്തിന് സീറ്റുകൾ ധാരാളമാണ്. മലബാർ മേഖലയിലാണ് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറത്ത് സീറ്റ് ക്ഷാമം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ മന്ത്രി പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് എൻ ഷംസുദ്ദീൻ തിരിച്ചടിച്ചു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. മുഴുവൻ പ്ലസ് വൺ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും ആദ്യ അലോട്ട്മെൻറ് സീറ്റ് ലഭിച്ചിട്ടില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ നിയമസഭയിൽ ഭരണപക്ഷ ബഹളം ആരംഭിച്ചു. വസ്തുതകൾ പറയുമ്പോൾ കുരയ്ക്കുന്നതെന്തെന്ന ഷംസുദീന്റെ പരാമർശവും പ്രതിഷേധത്തിനിടയാക്കി.

ഇതോടെ ഷംസുദ്ദീൻ പരാമർശം പിൻവലിച്ചു. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷം ബഹളം വെച്ചപ്പോൾ ആയിരുന്നു ഷംസുദ്ദീന്റെ വിവാദ പരാമർശം. ഷംസുദ്ദീന്റെ വിവാദ പരാമർശം രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മലബാറിൽ അരലക്ഷത്തോളം വിദ്യാർഥികൾക്ക് തുടർ പഠനത്തിന് സീറ്റില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കണം. താലൂക്കിൽ യൂണിറ്റായി സീറ്റുകളുടെ കാര്യം കാണണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Be the first to comment

Leave a Reply

Your email address will not be published.


*