കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആകാശപ്പാത; സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, വിവാദം

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും ഇതു സിപിഎമ്മിന്റെ രാഷട്രീയപാപ്പരത്തം മൂലമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ ആരോപിച്ചു.

പ്രോട്ടോകോള്‍പ്രകാരം സംസ്ഥാനമന്ത്രിയെക്കാള്‍ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പക്ഷേ, പ്രോട്ടോകോള്‍ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എംബി രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. സുരേഷ് ഗോപിയുടെ സൗകര്യംപോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസില്‍ ഉള്‍പ്പെടുത്തിയതു ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു.

11 കോടി ചെലവിട്ടാണ് തൃശൂരില്‍ ആകാശപ്പാത നിര്‍മിച്ചത്. നാടമുറിച്ച് മന്ത്രി എം.ബി. രാജേഷ് ശീതീകരിച്ച ആകാശപ്പാതയിലേക്ക് ജനങ്ങളെ ക്ഷണിച്ചു. മന്ത്രി കെ. രാജന്‍ ലിഫ്റ്റ് ശൃംഖലയുടെയും ആകാശപ്പാതയുടെ സൗരോര്‍ജപാനലിന്റെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. പി. ബാലചന്ദ്രന്‍ എം.എല്‍.എ. സി.സി.ടി.വി.യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആകാശപ്പാതയില്‍ ആദ്യം കയറാനും സെല്‍ഫിയെടുക്കാനും വലിയ തിരക്കായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*