സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം

ഏറ്റുമാനൂർ : സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം. ബാങ്ക് പ്രസിഡന്റ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് മുൻ സെക്രട്ടറി ഇൻ – ചാർജിൻ്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റും തടഞ്ഞു വയ്ക്കാൻ ബാങ്ക് ഭരണ സമിതി നിർദേശം നൽകി.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്നതായി പറയപ്പെടുന്ന ക്രമക്കേടിൻ്റെ പേരിൽ നിലവിലെ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവംനിൽക്കുന്നതിലാണ് പരാതി നൽകിയത്. കഴിഞ്ഞ ഭരണ സമിതിയിലും നിലവിലും ബാങ്ക് ഭരണം യുഡിഎഫിനാണ്.
പുന്നത്തുറ സ്വദേശി ജോബി ചെറിയാൻ, ഭാര്യ, ഇവരുടെ രണ്ട് ജോലിക്കാർ എന്നിവരുടെ പേരിൽ പേരൂരിലുള്ള ഭൂമി പണയമായി സ്വീകരിച്ച്
40 ലക്ഷം രൂപ വായ്പ നൽകാൻ 2013ലാണ് ബാങ്ക് ഭരണസമിതി തീരുമാനിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ തുക 72 ലക്ഷമായി ഉയർന്നു. ഇതെത്തുടർന്ന് ബാങ്ക് അധികൃതർ ലേല നടപടികളിലേക്ക് കടന്നു. 2018ൽ ബാങ്ക് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് സെയിൽ ഓഫീസർ ലേല നടപടികൾ ആരംഭിച്ചു. എന്നാൽ ലേലത്തിൽ പങ്കെടുക്കാൻ ആരും എത്താത്തതിനെ തുടർന്ന് വസ്തു ബാങ്കിലേക്ക് മുതൽകൂട്ടാൻ ബാങ്ക് കമ്മിറ്റി തീരുമാനിക്കുകയും നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സെക്രട്ടറി ഇൻ ചാർജിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ മണൽ ഖനനം നടത്തിയ പാഴ് ഭൂമി വച്ചാണ് 40 ലക്ഷം രൂപ വായ്പ തരപ്പെടുത്തിയതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പേരൂർ വില്ലേജ് ഓഫീസിൽ നിന്നുള്ള വാലുവേഷൻ സർട്ടിഫിക്കറ്റ് ലേല നടപടിക്ക് മുമ്പ് പരിശോധിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു. ലേല നടപടികൾ ആരെയും അറിയിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ക്രമക്കേട് സംബന്ധിച്ച് ഓഡിറ്റിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് നിലവിലുള്ള ഭരണസമിതി പരാതി നൽകിയത്.
സഹകരണ നിയപ്രകാരം രണ്ടു മാസത്തിനുള്ളിൽ അന്വേഷണം നടത്തി നടപടിയെടുക്കുന്നതിന് ജനറൽ വിഭാഗം യൂണിറ്റ് ഇൻസ്പെക്ടർക്ക് ജോയിൻ്റ് രജിസ്ട്രാർ ഉത്തരവ് നൽകി.
അതേ സമയം, വായ്പ അനുവദിക്കുമ്പോൾ താനായിരുന്നില്ല സെക്രട്ടറിയെന്ന് നടപടിക്ക് വിധേയയായ സെക്രട്ടറി ഇൻ ചാർജ് പറഞ്ഞു. ലേല സമയത്താണ് താൻ സെക്രട്ടറിയുടെ ചാർജിൽ ഉണ്ടായിരുന്നത്. ബാങ്ക് ഭരണസമിതിയുടെ തീരുമാന പ്രകാരമായിരുന്നു ലേല നടപടികൾ. ബാങ്ക് ഭരണസമിതിയുടെ തീരുമാനം താൻ നടപ്പാക്കുക മാത്രമാണുണ്ടായത്. ലേല നടപടികളും പിന്നീട് ചേർന്ന ബാങ്ക് ഭരണസമിതി യോഗം അംഗീകരിച്ചിരുന്നു. ഇതിന് എ ആറിന് അംഗീകാരവും ലഭിച്ചതാണ്. ഈ തീരുമാനങ്ങളെടുത്ത ഭരണ സമിതിയിലെ ഏഴു പേർ നിലവിലെ ഭരണ സമിതിയിലും ഉണ്ടായിരുന്നിട്ടും ഭരണ സമിതി തൻ്റെ പേരിൽ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും മുൻ സെക്രട്ടറി ഇൻ ചാർജ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*