ചാള്‍സ് രാജാവിന്റെ കിരീടധാരണം; ചടങ്ങിൽ പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു. ഇതാദ്യമായാണ് മറ്റ് മതസ്ഥരുടെ സേവനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചില കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ കിരീടധാരണ ചടങ്ങ് നടത്തുക. കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും മേല്‍ ക്രിസ്തുവിന്റെ അനുഗ്രഹം ചൊരിയാൻ ഇത് സഹായിക്കുമെന്ന് ലാംബെത്ത് പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഋഷി സുനക് ബൈബിൾ വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകള്‍ക്ക് മുമ്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആയിരക്കണക്കിന് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബേ പരിസരത്ത് എത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*