പൊലീസ് നായകളെ വാങ്ങിയതിൽ ക്രമക്കേട്; ഭക്ഷണത്തിലും അഴിമതി: ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  തൃശൂർ ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി.കമൻഡാന്റുമായ എസ്.എസ്.സുരേഷിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. പരാതിയിൽ രഹസ്യാന്വേഷണം നടത്തിയ വിജിലൻസ്, കഴിഞ്ഞ വർഷം അവസാനം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

പട്ടിക്കുഞ്ഞുങ്ങളെ വൻവില കൊടുത്താണ് പഞ്ചാബിൽ നിന്നും രാജസ്ഥാനിൽനിന്നും വാങ്ങിയത്. മറ്റു സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്ന് പരിശോധനയിൽ കണ്ടെത്തി. 125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യം പൊലീസ് അക്കാദമിയിൽ ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളിൽ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.

സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിലെ രേഖകൾ പരിശോധിക്കാൻ അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷൻ 17 എ പ്രകാരം അനുവദിക്കണമെന്ന് 2022 നവംബറിൽ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു അനുമതി നൽകിയതിനു പിന്നാലെ സുരേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*