
ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വിജയ് തന്നെ പതാക ഉയര്‍ത്തും.
തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പതാക പ്രകാശന ചടങ്ങിൽ പങ്കെടുക്കും. തമിഴ്‌നാട്ടിൽ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനും പദ്ധതിയുണ്ട്. പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളും മഞ്ഞ നിറത്തിലായിരിക്കും എന്നാണ് സൂചന. പാർട്ടിയുടെ ഔദ്യോഗിക ഗാനവും നാളെ പുറത്തിറക്കും. പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ് പതാക ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വരികൾ എഴുതിയത് വി വിവേകാണ്.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. വിജയുടെ ഏറ്റവും പുതിയ സിനിമ ‘ഗോട്ട്’ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം നടക്കുക. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനനഗരി നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെ വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുകയും ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. 2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അരങ്ങേറ്റം കുറിക്കും.
നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ഗോട്ട്’ സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയതിന് ശേഷമാണ് വിജയ് പാർട്ടി പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്.
Be the first to comment