രാജ്യം ദീപാവലി ആഘോഷ നിറവിൽ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചിരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം. 

അതേസമയം പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികർ ദീപാവലി ആഘോഷിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ വിശുദ്ധ ഉത്സവത്തില്‍, അറിവിന്റെയും ഊര്‍ജ്ജത്തിന്റെയും വിളക്ക് കത്തിച്ച് ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ നമുക്ക് ശ്രമിക്കാം.’- രാഷ്ട്രപതി പറഞ്ഞു.

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ ഉത്സവം നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് ദീപാവലി സന്തോഷം ഉണ്ടായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.’- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നത്. സൗഹാര്‍ദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്നും, ഒരുമയുടെ ആ മഹത്തായ ആശയമുള്‍ക്കൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും ദീപാവലി ആശംസകളെന്നും മുഖ്യമന്ത്രി കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*