എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.
ദിവ്യയുടെ നടപടികൾ ആസൂത്രിതം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ഗൗരവമുള്ള കേസ് നിൽക്കുന്നതിനാൽ ജാമ്യം നൽകാൻ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഗൗരവമുള്ളതെന്ന് കോടതിയുടെ നിരീക്ഷണം. 38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
പിപി ദിവ്യ സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. സ്ഥാനമനങ്ങൾ മുൻകൂർ ജാമ്യം അനുവദിക്കാനുള്ള സാധ്യതയല്ലെന്ന് കോടതി വ്യക്തമാക്കി. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്.
നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം.
Be the first to comment