ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് തിരിച്ചടി, ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്ക‍ർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.

ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*