വ്യാപാര രഹസ്യം ചോർത്തി ; ഇന്ത്യന്‍ ഐടി കമ്പനിക്ക് അമേരിക്കയിൽ 800 കോടി രൂപ പിഴ

വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിൽ ഇന്ത്യന്‍ ഐടി കമ്പനിയായ സ്‌റ്റെര്‍ലൈറ്റ് ടെക്കിന് അമേരിക്കയിൽ 800 കോടി രൂപ പിഴ. ഇറ്റാലിയന്‍ എതിരാളി പ്രിസ്മിയനില്‍ നിന്ന് സ്‌റ്റെര്‍ലൈറ്റ് കമ്പനി ഉപഭോക്താക്കളുടെയും നിര്‍മാണത്തിന്റെയും വിവരങ്ങള്‍ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

വ്യാപാര അവകാശ ലംഘനമാണിതെന്നും ഈ രേഖകളുപയോഗിച്ച് 96,500,000 ഡോളറിന്റെ നേട്ടങ്ങള്‍ സ്‌റ്റെര്‍ലൈറ്റ് ഉണ്ടാക്കിയതായും പ്രിസ്മിയന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കാനാണ് വേദാന്ത ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെര്‍ലൈറ്റിന്റെ തീരുമാനം. അതേസമം, വ്യാപാര രഹസ്യങ്ങളുടെ സംരക്ഷണത്തിനു സഹായിക്കുന്ന വിധിയെ പ്രിസ്മിയന്‍ നോര്‍ത്ത് അമേരിക്ക സിഇഒ ആന്‍ഡ്രിയ പിറോണ്ടിനി സ്വാഗതം ചെയ്തു.

ഒപ്റ്റിക്കല്‍ ഫൈബര്‍ നിര്‍മാതാക്കളായ സ്റ്റെര്‍ലൈറ്റ് ടെക്കിന്റെ ആസ്ഥാനം പൂനെയിലാണ്. അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഖനന കമ്പനിയായ വേദാന്തയ്ക്ക് 45 ശതമാനം ഓഹരി പങ്കാളിത്വമുള്ള കമ്പനിയാണ് സ്റ്റെര്‍ലൈറ്റ് ടെക്. ഇവര്‍ പ്രിസ്മിയന്റെ ഉപഭോക്താക്കള്‍, പുതിയ ഉത്പന്നങ്ങള്‍, ഉത്പന്ന നിര്‍മാണവും വിപുലീകരണവും സംബന്ധിച്ച രഹസ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാപാര രഹസ്യങ്ങള്‍ നിയമവിരുദ്ധമായി നേടിയതായാണ് സൗത്ത് കരോളിനയിലെ കോടതി കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ രേഖകള്‍ അങ്കിത് അഗര്‍വാളിന്റെ സ്‌റ്റെര്‍ലൈറ്റ് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നു കണ്ടെത്തിയതായി പ്രിസ്മിയന്‍ കമ്പനി വെളിപ്പെടുത്തി. പ്രിസ്മിയന്റെ വ്യാപാര രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്റ്റീഫന്‍ സിമാന്‍സ്‌കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും കോടതി കണ്ടത്തി. വടക്കേ അമേരിക്കയിലെ പ്രിസ്മിയന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ വ്യാപാരിയും പിന്നീട് സ്റ്റെര്‍ലൈറ്റില്‍ ചേരുകയും ചെയ്ത ആളുമാണ് ഇദ്ദേഹം.

എന്നാല്‍ അമേരിക്കന്‍ വിപണിയോടും ജീവനക്കാരോടും വിതരണക്കാരോടും ഉപഭോക്താക്കളോടും തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും വിധിയെ വെല്ലുവിളിക്കുന്നെന്നുമാണ് സ്‌റ്റെര്‍ ലൈറ്റ് കമ്പനി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*