കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

നമ്മുടെ നിയമ സംവിധാനത്തിന്റെ പല വാക്കുകളും പലപ്പോഴും സാധാരക്കാരനെ കുരുക്കാറുണ്ട്. ഉത്തരവുകളിലെ ഉള്ളറകൾ പരിശോധിക്കാൻ വക്കീലന്മാർക്ക് പണം കൊടുത്ത് മുടിയാറുമുണ്ട്. എന്നാൽ ഇനി മുതൽ അത്തരം പ്രശ്നങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. ഹൈക്കോടതി ഉത്തരവുകൾ സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ മലയാളത്തിലും ലഭ്യമാണ്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയുടെ ഉത്തരവുകൾ ആദ്യമായി മലയാളത്തിൽ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്തരവുകൾ പുറത്തിറക്കിയത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ പുറത്ത് ഇറക്കുന്നത്. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ, സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ, കോടതി വിധിന്യായങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കിയെടുക്കാൻ സാധാരണക്കാർക്കും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്.

കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു.  കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്.

ചീഫ് ജസ്റ്റീസ് എം മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റിൽ ആദ്യം അപ്ലോഡ് ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് മലയാളം പരിഭാഷ തയാറാക്കുന്നത്. അതുകൊണ്ടു തന്നെ മലയാളി പൊതു സമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുളള പദപ്രയോഗങ്ങളും ഉത്തരവിലുണ്ട്.

ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*