കെജ്‍രിവാളിൻ്റെ പ്രസംഗം ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടിയെന്ന് ഇഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളിന്‌റ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ്(ഇഡി) ഉന്നയിച്ച ആരോപണത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച് കോടതി. അദ്ദേഹത്തിന്‌റെ പരാമര്‍ശങ്ങള്‍ ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടി’യാണെന്നായിരുന്നു ഇഡി കോടതിയില്‍ പറഞ്ഞത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ഇന്ത്യ ബ്ലോക് അധികാരത്തില്‍ വന്നാല്‍ ജൂണ്‍ അഞ്ചിന് താന്‍ തിഹാര്‍ ജയിലില്‍നിന്ന് തിരിച്ചെത്തുമെന്ന കെജ്‍രിവാളിന്‌റ പരാമര്‍ശത്തെയാണ് ഇഡി എതിര്‍ത്തത്. ‘ജനങ്ങള്‍ എഎപിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ രണ്ടിന് തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്ന് അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ഇത് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ കഴിയും-‘ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ കെജ്‍രിവാളിന് പ്രത്യേക പരിഗണനയൊന്നും നല്‍കിയിരുന്നില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു.

വിധിക്കെതിരെയുള്ള വിമര്‍ശനങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അതിലേക്ക് കടക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അദ്ദേഹം കീഴടങ്ങണമെന്നത് ഉത്തരവില്‍ വ്യക്തമാണ്. ഇത് സുപ്രീംകോടതിയുടെ ഉത്തരവാണ്. നിയമവാഴ്ച ഇതിലൂടെ നിയന്ത്രിക്കപ്പെടും. ഇതില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കെജ്‍രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കീഴടങ്ങി ജയിലിലേക്ക് മടങ്ങേണ്ടി വരും.

ഡല്‍ഹിയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് റാലികളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ അറസ്റ്റ് ചെയ്തതും തിഹാര്‍ ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചതും സംബന്ധിച്ച് വൈകാരികമായി കെജ്‍രിവാള്‍ സംസാരിച്ചിരുന്നു. ജൂണ്‍ രണ്ടിന് ജയിലിലേക്ക് തിരിച്ചു പോകും. നാലിന് ജയിലിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം കാണും. നിങ്ങള്‍ ഇന്ത്യ ബ്ലോക്കിനെ വിജയിപ്പിച്ചാല്‍ ജൂണ്‍ അഞ്ചിന് ഞാന്‍ മടങ്ങിയെത്തും. – കെജ്‍രിവാള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*