വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയതിൽ തെളിവുണ്ടോ? കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

നിയമസഭയിലാണ് വി.ഡി. സതീശനെതിരേ പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത്. ഹർജിയിൽ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. കെ റെയിൽ നടപ്പായാൽ കേരളത്തിലെ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വലിയ കുതിച്ചുചാട്ടം തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി കേരളത്തിലെ കോൺഗ്രസിനെ കൂടെ നിർത്താനാണ് സതീശനു പണം നൽകിയതെന്നും, ഇതിന്‍റെ ഭാഗമായിരുന്നു കെ റെയിൽ പദ്ധതിക്കെതിരേ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളെന്നും അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചു.

കോൺഗ്രസിന്‍റെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായാണ് കമ്പനികൾ ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത്. തുടർന്ന് ഇവരുടെ ഗൂഢാലോചന നടപ്പാക്കാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ദൗത്യം വിജയിച്ചാൽ സതീശനെ കേരള മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകളിലാണ് ഇലക്ഷൻ ഫണ്ട് എന്ന ലേബലിൽ മൂന്നു ഘട്ടമായി സതീശനു പണം എത്തിച്ചുകൊടുത്തത്. 50 കോടി രൂപവീതമാണ് ഓരോ ഘട്ടത്തിലും എത്തിച്ചത്.

2021 ഫെബ്രുവരി, മാർച്ച് സമയത്തായിരുന്നു ഇത്. കണ്ടെയ്നറുകളിൽ കൊണ്ടുവന്ന പണം തുടർന്ന് ആംബുലൻസിലാണ് താഴേത്തട്ടിലേക്ക് വീതിച്ചുകൊടുത്തതെന്നും അൻവർ എംഎൽഎ നിയമസഭയിൽ ആരോപിച്ചിരുന്നു. ഇലക്ഷൻ ഫണ്ടിന്‍റെ പേരിലാണ് വന്നതെങ്കിലും ഈ തുക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സ്ഥാനാർഥികൾക്കോ നേതാക്കൾക്കോ നൽകിയിട്ടില്ല. പകരം, കർണാടകയിൽ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇതാണ് സതീശൻ മാസത്തിൽ മൂന്നു വട്ടമെങ്കിലും ബംഗളൂരുവിൽ പോകാൻ കാരണമെന്നും അൻവർ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*