454 മില്യൺ ഡോളർ പിഴയടച്ചില്ലെങ്കിൽ ട്രംപിൻ്റെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന് കോടതി

ന്യൂയോർക്ക്: സാമ്പത്തിക തട്ടിപ്പ് കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 454 മില്യൺ ഡോളർ പിഴയൊടുക്കിയില്ലെങ്കിൽ ട്രംപിൻ്റെ സ്വത്തുവകകൾ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളിൽ പിഴയൊടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യൺ ഡോളർ പിഴയും ഇതിൻ്റെ പലിശയും ചേർത്താണ് 454 മില്യൺ ഡോളർ ട്രംപ് അടയ്ക്കേണ്ടി വരിക. ട്രംപ്, ട്രംപിൻ്റെ മകൻ, ട്രംപ് ഓർഗനൈസേഷൻ കമ്പനി എന്നിവർ വർഷങ്ങളോളം സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും പറ്റിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

വിധിക്കെതിരെ മൂന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. തൻ്റെ നിയമപോരാട്ടം പരാജയപ്പെട്ടാൽ പിഴ അടയ്ക്കുമെന്ന് ട്രംപ് ബോണ്ട് മുഖേന ഉറപ്പ് നൽകണമെന്നും ന്യൂയോർക്ക് കോടതി ആവശ്യപ്പെട്ടു. പിഴയടയ്ക്കാത്ത പക്ഷം ഗോൾഫ് കോഴ്സ് അടക്കമുള്ള ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും. എന്നാൽ ഇത്രയും വലിയ തുക പിഴയട്ക്കാനുള്ള സാമ്പത്തിക സ്രോതസ്സ് തനിക്കില്ലെന്നാണ് ട്രംപ് കോടതിയെ അറിയിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രോപ്പ‍ർട്ടി ഡവലപ്പർ, വ്യവസായി എന്നീ നിലകളിലാണ് ട്രംപ് തൻ്റെ പബ്ലിക് പ്രൊഫൈൽ നിർമ്മിച്ചെടുത്തത്. റിയൽ എസ്റ്റേറ്റ് ഭീമൻ ആയ ട്രംപ് 2.6 ബില്യൺ ഡോളർ സ്വത്ത് കൈവശമുണ്ടായിരുന്നിട്ടും 454 മില്യൺ ഡോളറിൻ്റെ ബോണ്ട് സമർപ്പിക്കാനാകില്ലെന്നാണ് അഭിഭാഷകൻ മുഖേന അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക ബോണ്ട് കമ്പനിയോ ഇൻഷുററോ വഴിയാണ് ഇത്തരത്തിലുള്ള ബോണ്ടുകൾ തയ്യാറാക്കുക. ബോണ്ട് ലഭിക്കാൻ 557 മില്യൺ ഡോളർ മൂല്യമുള്ള ഈട് നൽകണം. എന്നാൽ ഇത് പ്രായോ​ഗികമായി അസാധ്യമാണെന്നും 30 ഓളം കമ്പനികളെ സമീപിച്ചിട്ടും ബോണ്ട് തയ്യാറാക്കാൻ സാധിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*