കൊവിഡ് ഭീതി; മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം

കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി തുറന്നാല്‍ കുട്ടിയെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ചൈൽഡ് വെൽഫെയർ ടീമിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്.

മുറിക്കുള്ളിലെ മാലിന്യക്കൂമ്പാരം കണ്ട് സ്തംഭിച്ചു പോയതായി ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ. യുവതിയുടെ ഭർത്താവ് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും കുടുംബ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി ഇത് തള്ളുകയായിരുന്നു. എന്നാൽ പിന്നീട് ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ സംഭവം ഗുരുതരമാണെന്ന് കണ്ടെത്തി.

ആദ്യ കൊവിഡ് 19 തരംഗ സമയത്ത് കുടുംബം മുഴുവന്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ രണ്ടാം തരംഗത്തിന് ശേഷം ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ യുവതി വീട് പൂട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു മുറി വാടകയ്ക്കെടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി അവിടെയായിരുന്നു താമസം. 35 കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*