സിപിഐ വികസനം മുടക്കികൾ അല്ല, ബ്രൂവറിയിൽ സർക്കാരിനൊപ്പം; ബിനോയ് വിശ്വം

വൻകിട മദ്യനിർമാണ ശാലയിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഐ. എതിർക്കേണ്ടതില്ലെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികൾ അല്ല. കുടിവെള്ളം മുടക്കിയുള്ള വികനമല്ല വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഉള്ള സ്വാഗതസംഘ രൂപീകരണത്തിന് വേണ്ടിയുള്ള സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബ്രൂവറി വിഷയം ചർച്ചയായത്. സ്വകാര്യ കമ്പനിക്ക് മദ്യനിർമാണത്തിന് മന്ത്രിസഭായോഗം കൊടുത്ത അനുമതിയെ എതിർക്കേണ്ടതില്ല എന്ന നിലപാടാണ് യോഗത്തിൽ ഉണ്ടായത്. എന്നാൽ കുടിവെള്ളം മുടക്കിയല്ല വികസനം എന്നും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.

മദ്യനിർമാണശാലക്ക് പ്രാരംഭാനുമതി നൽകിയതിൽ പാർട്ടി മന്ത്രിമാർ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നുമായിരുന്നു പാലക്കാട് സിപിഐ ജില്ലാ ഘടകം ഉന്നയിച്ചത്. എന്നാൽ ജില്ലാ ഘടകത്തിന്റെ ആവശ്യത്തെ നേതൃത്വം തള്ളി.

ഒരേസമയം പദ്ധതിക്ക് അനുകൂലമാണെന്നും എതിരാണെന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പരിസ്ഥിതി വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നാടിന്റെ വികസനമാണ് വേണ്ടതെന്ന നിലപാടും സിപിഐ ആവർത്തിക്കുന്നുണ്ട്.

അതേസമയം, സർക്കാർ എത്ര മസിലു പിടിച്ചാലും പദ്ധതി വരാൻ പോകുന്നില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. പാലക്കാട്‌ നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ച് പദ്ധതിയെ സംസ്ഥാന നേതൃത്വം പൂർണ്ണമായി പിന്തുണച്ചാൽ സമ്മേളനകാലത്ത് സിപിഐയിൽ പൊട്ടിത്തെറികൾ ഉണ്ടാകാനാണ് സാധ്യത കൂടുതലും.

Be the first to comment

Leave a Reply

Your email address will not be published.


*