
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെ മുൻനിർത്തി ഭിന്നത ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പാർട്ടി പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. കെ ഇസ്മയിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. അനുഭവസമ്പത്തും പരിചയവും ഉള്ള ഇസ്മയിൽ സമാന്തര പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു പോകും എന്ന് കരുതുന്നില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കില്ല. തന്നെ മുൻനിർത്തി പാർട്ടിയെ ദുർബലമാക്കാനുള്ള ശ്രമത്തിന് ഇസ്മയിൽ നിന്നു കൊടുക്കില്ലെന്ന് ആണ് വിശ്വാസം. ഇസ്മയിൽ ചില കാര്യങ്ങൾ പാർട്ടിക്ക് പുറത്ത് പറഞ്ഞു. പാർട്ടി വേദികളിൽ പറയേണ്ട കാര്യം അവിടെ പറയണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നെന്നും ചില നേതൃത്വങ്ങൾ വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ ഇ ഇസ്മയിലിൻ്റെ പ്രതികരണം. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും ഇസ്മയിൽ വ്യക്തമാക്കി. സമ്മേളന കാലത്തെ നടപടി ചോദ്യം ചെയ്ത് ഇസ്മയിൽ കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും.
പി രാജുവിന് എതിരായ നടപടി റദ്ദാക്കണമെന്ന് കൺട്രോൾ കമ്മീഷൻ നിർദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല എന്നായിരുന്ന പ്രതികരണമാണ് ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാൻ കാരണമായത്. പാർട്ടിയിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടും നേതൃത്വത്തിന് വഴങ്ങില്ലെന്ന സൂചനയാണ് മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ നൽകുന്നത്.
ഇസ്മയിലിന് എതിരായ നടപടി ചർച്ചചെയ്ത ഇന്നലത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയർന്നിരുന്നു. ഇസ്മയിൽ എതിരെ ചെറിയ നടപടികൾ മാത്രം മതിയെന്നായിരുന്നു ദേശീയ കൗൺസിലിംഗം സത്യൻ മൊകേരിയുടെ നിലപാട്. എന്നാൽ ആർ രാജേന്ദ്രൻ, കമല സദാനന്ദൻ കെ ആർ ചന്ദ്രമോഹനൻ തുടങ്ങിയ നേതാക്കൾ കർശന നടപടി വേണമെന്ന് വാദിച്ചു.
Be the first to comment