ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. നിരവധി വാഗ്ദാനങ്ങളുമായാണ് സിപിഐയുടെ പ്രകടന പത്രിക. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സിപിഐ  ജനറല്‍ സെക്രട്ടറി ഡി രാജ  പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെൻ്റിൻ്റെ കീഴലാക്കുമെന്നും  ഗവർണർ പദവി നിർത്തലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പുതുച്ചേരിക്കും, ദില്ലിക്കും പൂർണ്ണ സംസ്ഥാന പദവി നല്‍കുമെന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി തിരികെ നൽകുമെന്നും നീതി ആയോഗ് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*