എഡിജിപി വിഷയത്തിൽ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃ്പതി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാൽ ജനയുഗത്തിൽ ലേഖനം എഴുതിയതിന് മുൻപ് പാർട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോ എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവിലാണ് രണ്ടു നേതാക്കളും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. അതേസമയം എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് നൽകും. രാവിലെ ഡിജിപി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.
എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നലെ സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഐ നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കെത്തും. അതിന് മുമ്പ് നടപടി വേണമെന്നാണ് സിപിഐ നിലപാട്. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയി വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്.
Be the first to comment