തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും. ഇടത് സാന്നിധ്യത്തിന്‍റെ പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുക. ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്.
തൂക്ക് പാർലമെന്‍റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യും? പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്? ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ ബിജെപി നിലപാടിനോട് താൽപര്യമുള്ളയാളാണ്. പലസ്തീൻ, ബാബറി മസ്ജിദ് നിലപാടിൽ അദ്ദേഹം ഇതു വ്യക്തമാക്കിയതാണ്. അങ്കമാലി റെയിൽവെ സ്റ്റേഷനിലെ ബോർഡിന് കീഴെ കാലടിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക എന്ന് എഴുതി വക്കുന്ന പോലെയാണ് പുതിയ കാലത്തെ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് താഴേ ബിജെപിയിലേക്ക് പോകാൻ ഇവിടേ ഇറങ്ങുക എന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
Be the first to comment