കെ ഇ ഇസ്മയിൽ ആരുടെയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല; പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായാൽ ഇടപെടാൻ എക്സിക്യൂട്ടീവിന് അധികാരമുണ്ട്, ബിനോയ് വിശ്വം

സിപിഐ മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ ഇ ഇസ്മയിലിനെതിരായ നടപടിയിൽ തന്നെ ഉറച്ച് നിന്ന് സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ഇസ്മയിൽ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്ന കാര്യമാണ്. അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ അദ്ദേഹം തന്നെ മനസ്സിലാക്കി പെരുമാറണം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരണം നടത്തിയത് തെറ്റാണ്. ഇനിയും എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ ഇസ്മയിലിന് പാർട്ടിക്കുള്ളിൽ പറയാം. എല്ലാ പാർട്ടി പ്രവർത്തകർക്കും അതിനുള്ള അവകാശമുണ്ട്. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറയുന്ന ശീലം കമ്മ്യൂണിസ്റ്റുകാരുടെതല്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായാൽ ചർച്ച ചെയ്യാനും ഇടപെടാനും പാർട്ടിയുടെ എക്സിക്യൂട്ടീവിന് അധികാരമുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

കെ ഇ ഇസ്മയിൽ ആരുടേയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല. പാർട്ടി എപ്പോഴും ഇസ്മയിലിനോട് സഹിഷ്ണുതയും ആദരവും കാണിച്ചിട്ടുണ്ട്. സിപിഐ ജനാധിപത്യം പാലിക്കുന്ന പാർട്ടിയാണിത്. സമ്മേളനങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് അല്ലാതെ ആർക്കും വാർത്തയുണ്ടാക്കാൻ വേണ്ടിയുള്ളതല്ല. പാർട്ടിയുടെ ഐക്യത്തിനായുള്ള നിർദേശങ്ങളാണ് പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്.ജനാധിപത്യപരമായ ചർച്ചകൾക്ക് സിപിഐ പാർട്ടിയിൽ വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ ഇ ഇസ്മയിലിനെതിരായ നടപടി പൂർണമായോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ബിനോയ് വിശ്വം നൽകിയില്ല. സംസ്ഥാന കൗൺസിലിന്റെ അംഗീകാരം വേണമോ എന്ന ചോദ്യത്തിനും മറുപടി നൽകാതെയാണ് അദ്ദേഹം മടങ്ങിയത്.

രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ലെന്നും ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. ആ പാർട്ടിക്ക് പറ്റിയ ആളെ തന്നെയാണ് സംസ്ഥാന അധ്യക്ഷനാക്കിയതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*