‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപി എന്താണ് എന്ന് എല്ലാവർക്കുമറിയാം. രാജീവും താനുമായി പാർലമെന്റിൽ ഒരുമിച്ചുണ്ടായിരുന്ന കാലം മുതൽ അറിയാം. വ്യക്തിപരമായി നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷെ സാമ്പത്തിക രംഗത്തും ബിസിനസ് രംഗത്തും അദ്ദേഹത്തിനുള്ള പ്രാവിണ്യം എത്രമാത്രം ബിജെപി രാഷ്ട്രീയത്തിന്റെ കേരളത്തിലെ യാഥാർഥ്യങ്ങളിൽ വിലപോകുമെന്ന് അറിയില്ല. കാരണം അത്രമാത്രം കുഴപ്പത്തിലാണ് കേരളത്തിൽ ബിജെപിയുള്ളത്.

ബിജെപിയിൽ കുഴല്പണത്തിന്റെ വരവും പോക്കുമുണ്ട്.അതിനെയെല്ലാം ചുറ്റിപറ്റി ഒരുപാട് വിമർശനങ്ങളും ചർച്ചകളും നടക്കുന്ന പാർട്ടിയാണത്. അതിലെല്ലാം എത്രമാത്രം ഇടപെടാനും പഴുതിടാനും രാജീവിന് എത്രമാത്രം സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ ലോകത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി, ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തട്ടെയെന്നും ആശംസിച്ചു.

പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ ശക്തി എന്ന് അധ്യക്ഷ സ്ഥാനമേറ്റ ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തനിക്കിത് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണെന്നും മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും മുന്നിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നും കേരളം ഇനിയും വളരാനുണ്ടെന്നും നമ്മൾ അതിന് നിക്ഷേപം സ്വീകരിക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിന് യുവാക്കൾക്ക് ഇനിയും തൊഴിലവസരങ്ങൾ ഉണ്ടാകണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറിയതുപോലെ കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*