രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്‌ചയില്ലെന്ന് സിപിഐ; ഉഭയകക്ഷി ചർച്ചകള്‍ ധാരണയാകാതെ പിരിഞ്ഞു

തിരുവനന്തപുരം: എൽഡിഎഫ് രാജ്യസഭ സീറ്റിലെ ഉഭയകക്ഷി ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞു. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സീറ്റിൽ വിട്ടുവീഴ്ച വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ തള്ളി.

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സീറ്റ് ആവശ്യത്തിൽ കേരള കോൺഗ്രസ് എമ്മും ഉറച്ചുനിന്നു. മൂന്ന് രാജ്യസഭ സീറ്റ് ജൂലൈ മാസം ഒന്നാം തീയതിയാണ് ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളിലാണ് ഇടത് മുന്നണിയ്ക്ക് ജയിക്കാൻ കഴിയുക. ഒരു സീറ്റ് സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചു. മറ്റൊരു സീറ്റിനു വേണ്ടി നാല് പാർട്ടികൾ അവകാശവാദം ഉന്നയിച്ചതോടെയാണ് ഉഭയകക്ഷി ചർച്ചകൾ സിപിഎം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനുമാണ് ചർച്ചയ്ക്ക് നേതൃത്വം നല്കിയത്. രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിടാൻ സാധ്യതയുണ്ടെന്നും, മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി സീറ്റില് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐയോട് സിപിഎം ആവശ്യപ്പെട്ടു. എന്നാൽ, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. സിപിഐയുമായി വീണ്ടും സിപിഎം ഉഭയകക്ഷി ചർച്ച നടത്തും.

കോട്ടയം സീറ്റ് കൂടി തോറ്റതോടെ പാർലമെൻറില് പ്രാതിനിധ്യം ഇല്ലെന്നും, രാജ്യസഭാ സീറ്റ് നൽകണമെന്നും കേരള കോൺഗ്രസ് എം ചെയർമാന് ജോസ് കെ മാണി ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി തീരുമാനം അറിയിക്കാം എന്നാണ് സിപിഎം രണ്ട് പാർട്ടികളേയും അറിയിച്ചിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*