ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹമാസിന് വേണ്ടി വോട്ട് ചോദിച്ചുവെന്നും സിപിഐഎം മുസ്ലീം പാർട്ടിയായി മാറാൻ ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കേവലമായ വോട്ട് ഷിഫ്റ്റ് അല്ല. ആശയപരമായ മാറ്റമാണുണ്ടായത്. ആശയപരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാവുകയാണ്. അതിൻ്റെ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു സീറ്റില്‍ വിജയിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമർശിച്ചു. ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് നരേന്ദ്രമോദിയുടെ അവകാശവാദം. കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികളായി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചു എന്നായിരുന്നു മോദിയുടെ പരാമർശം.
Be the first to comment