സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലന്‍. സിപിഐഎമ്മും എസ്എഫ്‌ഐയും വഴിയില്‍ കെട്ടിയ ചെണ്ട അല്ലെന്ന് എ കെ ബാലന്‍ മറുപടി നല്‍കി. പുതിയ എസ്എഫ്‌ഐക്കാര്‍ ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണം എന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു.’മുന്നണിക്കുള്ളിലുള്ളയാളായാലും പുറത്തുള്ളയാളായാലും ശരി, എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല.

ഒരു വിദ്യാര്‍ത്ഥി സംഘടനയെ പേപ്പട്ടിയാക്കി തല്ലികൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ല. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്.’ എ കെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കിലും തിരുത്തുമെന്നും എ കെ ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു കൂടോത്ര പാര്‍ട്ടിയായി മാറി. കേരള കൂടോത്ര പാര്‍ട്ടിയെന്നും മുന്‍ മന്ത്രി പരിഹസിച്ചു.

എസ്എഫ്‌ഐക്ക് അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിന്റെ ആഴം അവര്‍ക്കറിയില്ലെന്നും അവരെ പഠിപ്പിക്കണമെന്നുമായിരുന്നു വിമര്‍ശനം. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല. പ്രാകൃതമായ സംസ്‌കാരമാണ്. എസ്എഫ്‌ഐക്ക് നിരക്കുന്നതല്ല. എസ്എഫ്‌ഐയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു വിമര്‍ശനം. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണ്ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചൊങ്കൊടിക്ക് അപമാനമാണെന്ന വിമര്‍ശനവും ബിനോയ് വിശ്വം ഉയര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*