രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം മുതല്‍ മെക് സെവന്‍ വരെ; മുസ്ലീം വിരുദ്ധ പ്രസ്താവനകളില്‍ മത്സരിച്ച് സിപിഐഎം നേതാക്കള്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയിലെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവന്‍ ഇന്ന് നടത്തിയ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. പി മോഹനന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍ തുടങ്ങിയ മുതര്‍ന്ന സിപിഎം നേതാക്കള്‍ ഇസ്ലാം വിരുദ്ധതയുടെ കറ പുരണ്ട പ്രസ്താവനകള്‍ സമീപകാലത്ത് നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്.

സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടില്‍ നിന്ന് രണ്ടാളുകള്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി ജയിച്ചത് ആരുടെ പിന്തുണയിലാ…മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതാവ്.ആരൊക്കെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയ്ക്ക് മുന്നിലും പിന്നിലും. ന്യുനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങള്‍ വരെ ഘോഷയാത്രയിലുണ്ടായിരുന്നു’ എ വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞു.

എ വിജയരാഘവന്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുമായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കന്നത് ഇത് ആദ്യമല്ല. 2018ല്‍ ദേശീയ പാത 45 മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ മലപ്പുറത്ത് സമരം ചെയ്തത് മുസ്ലിം തീവ്രവാദികള്‍ എന്ന പരാമര്‍ശം അദ്ദേഹം നടത്തിയിരുന്നു. തീവ്രവാദികളെ മുസ്ലിം ലീഗ് മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. അതിനും മുന്‍പ് ഗെയില്‍ സമരം നടക്കുമ്പോഴും സമരം ചെയ്യുന്നത് മുസ്ലിം തീവ്രവാദികളാണെന്ന് വിജയരാഘവന്‍ പ്രസ്താവന നടത്തിയിരുന്നു.

2021ലും മുസ്ലീം ലീഗിനെതിരെ അദ്ദേഹം പാര്‍ട്ടി പത്രത്തില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ലാഭത്തിനായി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണു കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയത്. എന്നാല്‍, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് ലഭിച്ചു. രാജ്യത്തെ രാഷ്ട്രീയ ഘടനയില്‍ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് മേധാവിത്വമായി. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ എതിര്‍ക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ അവസരവാദനിലപാടാണ് കോണ്‍ഗ്രസിന്റേത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വര്‍ഗീയ കൂട്ടുകെട്ടിനെ കൂടുതല്‍ വിപുലീകരിക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തയാറായി. ജമാഅത്തെ ഇസ്‌ലാമിയെക്കൂടി മുന്നണിയില്‍ ചേര്‍ത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്. കോണ്‍ഗ്രസിന്റെ ജമാഅത്തെ ബന്ധം തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ, സിപിഎം വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേത് – പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ വിജയരാഘവന്‍ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അന്ന് വിജയരാഘവനെ പിന്തുണച്ചിരുന്നു. ബിജെപി നേതാവിന്റെ ഭാഷയിലാണ് എ വിജയരാഘവന്‍ സംസാരിക്കുന്നതെന്ന് അന്ന് രമേഷ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. 2024ലെത്തുമ്പോഴും വിജയരാഘവന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സംഘടനാതലം ചലിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. എല്‍ഡിഎഫിന്റെ വിജയത്തെ മുന്നില്‍ കണ്ടുകൊണ്ട് എല്ലാവഴിവിട്ട മാര്‍ഗങ്ങളും യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും മറ്റൊരു ഭാഗത്ത് എസ്ഡിപിഐയുമായിരുന്നു. ചിലയിടങ്ങളില്‍ ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ സഹായവും കിട്ടിയിട്ടുണ്ട്. ഇത് പ്രകടമായത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ്. എല്‍ഡിഎഫിന് മികച്ച വിജയം ലഭിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനം അവര്‍ നല്ലരൂപത്തില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് എല്‍.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും – ബാലന്‍ പറഞ്ഞു.

മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചേര്‍ന്ന് റാഞ്ചുകയാണ് ചെയ്തതെന്ന മറ്റൊരു പ്രസ്താവനയും ഇതേ കാലയളവില്‍ എ കെ ബാലന്‍ നടത്തിയിരുന്നു. യു.ഡി.എഫിന്റെ സംഘടന ജമാത്തിന്റെയും എസ്.ഡി.പി.ഐയുടെയും കയ്യിലായി. ആര്‍എസ്എസുമായും ഒരു ചങ്ങാത്തമുണ്ടാക്കി. കുറേ കോണ്‍ഗ്രസ്സുകാര്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പകരം പാലക്കാട് ബിജെപിയുടെ ഗണനീയവോട്ട് കോണ്‍ഗ്രസിന് പോയി – എ കെ ബാലന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*