വര്‍ഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്നു പാര്‍ലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യൂയീകരിച്ചത്.
വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി,കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജയം ജമാഅത്തെ ഇസ്ലാമിന്റെയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. അതില്‍ തന്നെയാണ് പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നത്. അതില്‍ ഒരു സംശയവും വേണ്ട – അദ്ദഹേം വ്യക്തമാക്കി. യുഡിഎഫ് ഒരു സഖ്യകക്ഷിയെ പോലെ ജമാഅത്തെ ഇസ്ലാമിനെയും എസ്ഡിപിഐയെയും ചേര്‍ത്ത് നിര്‍ത്തുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ദീരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം അത് ഉത്പാദിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീതയയ്‌ക്കെതിരായി സജീവമായി നിലകൊള്ളുന്ന പ്രസ്താനമാണ് മുസ്ലിം ലീഗ് എന്നാണല്ലോ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് സ്വാഭാവികമായി യുഡിഎഫിന്റെ കക്ഷിയായി മാറുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം കോണ്‍ഗ്രസില്‍ മാത്രമല്ല ലീഗിലും ശക്തിയായി ഉയര്‍ന്നു വരും. ന്യൂനപക്ഷ വര്‍ഗീയവാദത്തെ ശക്തമായി ഞങ്ങള്‍ ഇനിയും എതിര്‍ക്കും. ഭൂരിപക്ഷ വര്‍ഗീയതയെയും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായ ആര്‍എസ്എസിനെയും എതിര്‍ക്കും – എം വി ഗോവിന്ദന്‍ പറഞ്ഞു.
വിജയരാഘവന്റെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. വര്‍ഗീയശക്തികളുമായി ചേരുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെ ആണ് വിമര്‍ശിച്ചത്. മതരാഷ്ട്രവാദം ഉയര്‍ത്തുന്ന എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെ യുഡിഎഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെയാണ് വിജയരാഘവന്‍ വിമര്‍ശിച്ചത്. ലീഗാണ് വര്‍ഗീയശക്തികളുടെ സ്വാധീനം യുഡിഎഫിന് അകത്ത് ഉറപ്പിക്കുന്നത്. അവരുടെ സ്വാധീനം കൊണ്ടാണ് ഇത്തവണ യുഡിഎഫ് വിജയം നേടിയത്. പാലക്കാട് എസ്ഡിപിഐ ആണ് ആദ്യം ആഹ്ലാദപ്രകടനം നടത്തിയത്. വിജയരാഘവന്റെ പ്രസംഗം വര്‍ഗീയ നിലപാടില്‍ നിന്ന് സമൂഹത്തെ രക്ഷിക്കലാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനമുണ്ട്.
ലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. അത് സാമുദായിക സംഘടനയാണ്. വര്‍ഗീയവാദികള്‍ക്ക് മണ്ണ് ഒരുക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ല – ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
എ വിജയരാഘവന്റെ പ്രസംഗത്തില്‍ വിമര്‍ശന വിധേയമായ ഒരു വാക്ക് പോലുമില്ലെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. പാര്‍ട്ടി നയത്തിന് അനുസൃതമായ കാര്യങ്ങളാണ് വിജയരാഘവന്‍ പറഞ്ഞത്. കോണ്‍ഗ്രസ് തികഞ്ഞ വര്‍ഗീയ വാദത്തെ കേരളത്തില്‍ കൂട്ടുപിടിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്യമായി വര്‍ഗീയതയെ കൂട്ടുപിടിച്ചില്ലേ? അതു പറയുമ്പോള്‍ എന്തിനാണ് പൊള്ളുന്നത്. വര്‍ഗീയ സംഘടനകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞില്ലേ? ‘വര്‍ഗീയ രാഘവന്‍ ‘ പരാമര്‍ശം വെറുതെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ്. ഇത്തരം പരാമര്‍ശം നടത്തിയതുകൊണ്ട് വിജയരാഘവന്‍ അതാകില്ല. മലപ്പുറത്തുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി വര്‍ഗീയതയെ എതിര്‍ത്ത ചരിത്രം ഉണ്ട്. അങ്ങനെയാണ് വിജയരാഘവന്‍ എത്തിയത് – പി കെ ശ്രീമതി വിശദമാക്കി.
Be the first to comment