ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം; ​ഗൗനിക്കാതെ സിപിഐഎം

തിരുവനന്തപുരം: മന്ത്രിസ്ഥാനം തരുന്നുണ്ടെങ്കിൽ ​ഗതാ​ഗത വകുപ്പ് വേണ്ടെന്ന് ശാഠ്യം പിടിച്ച കേരള കോൺ​ഗ്രസ് ബിയുടെ ആവശ്യത്തെ ​ഗൗനിക്കാതെ സിപിഐഎം. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുളളതിനാൽ സിപിഐഎം പുനഃസംഘടന ഉടൻ ഉണ്ടായേക്കില്ല. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് സിപിഐഎമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തു‍ടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

ഇടതുമുന്നണിയുടെ ഭാ​ഗമായി നിന്നുകൊണ്ട് തന്നെ ഭരണത്തിനെതിരെ വിമർശനം ഉന്നയിക്കുന്നതും സിപിഐഎമ്മിന് തലവേദനയായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സിപിഐഎം പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല. മന്ത്രിസഭ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ നടക്കുന്ന പുനഃസംഘടനയില്‍ ലഭിക്കുന്ന മന്ത്രിസ്ഥാനത്തിനാണ് കേരളാ കോണ്‍ഗ്രസ് ഉപാധി വെച്ചത്. മന്ത്രിസഭയ്ക്ക് രണ്ടരവർഷമാകാൻ ഇനിയും മാസങ്ങളുണ്ട്. മന്ത്രിസ്ഥാനത്തേക്ക് എത്തുമ്പോള്‍ ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഏറ്റെടുക്കണ്ടെന്നാണ് ​കേരള കോൺ​ഗ്രസ് ബിയുടെ നിലപാട്.

എൻഎസ്എസ് ഡയറക്ട‌ർ ബോർഡിൽ നിന്ന് മന്ത്രി കെഎൻ ബാല​ഗോപാലിന്റെ സഹോദരൻ കലത്തൂർ മധു സ്ഥാനമൊഴിഞ്ഞപ്പോൾ ​ഗണേഷ് കുമാർ ആ സ്ഥാനത്തേക്ക് വന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. എൻഎസ്എസിന്റെ സംഘടനാ സംവിധാനത്തിനുളളിൽ ഉൾപ്പെട്ട കാര്യമാണെങ്കിലും ഇത് പ്രാദേശിക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എൻഎസ്എസിന്റെ തണലിൽ യുഡിഎഫിലേക്ക് ചാടാനാണ് ​ഗണേഷ് കുമാറിന്റെ ശ്രമമെന്നും പ്രചരണമുയർന്നിട്ടുണ്ട്.

ഗണേഷിന്റെ കുടുംബസ്വത്ത് സംബന്ധിച്ച സഹോദരിയുമായുള്ള തര്‍ക്കമാണ് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ലഭിക്കാതിരിക്കാനുള്ള കാരണം. കേസ് കോടതിയില്‍ നടക്കുകയാണ്. ഈ കേസ് തീര്‍പ്പാകാത്തത് പറഞ്ഞാവും മന്ത്രി സ്ഥാനം ഇത്തവണയും നിഷേധിക്കുക. ഈ സാഹചര്യത്തില്‍ ഗണേഷ് യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. എന്‍എസ്എസും അതാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. എന്നാൽ ഗണേഷ്‌കുമാർ വരുന്നതിനോട് കോൺഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. 

Be the first to comment

Leave a Reply

Your email address will not be published.


*