ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിക്കൊരുങ്ങി സിപിഐഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിക്കൊരുങ്ങി സിപിഐഎം. തിരഞ്ഞെടുപ്പ് ഫലം സെക്രട്ടറിയേറ്റ് വിശദമായി വിലയിരുത്തി. പാർട്ടി വോട്ട് ചോർന്നതായാണ് വിലയിരുത്തൽ. സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷം തുടർ നടപടിയുണ്ടാകും. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.

തിരുത്തൽ നടപടികൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗരേഖ അന്തിമമാക്കും. പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഐഎമ്മിന് ജയിക്കാനായത്. ആലത്തൂരിലായിരുന്നു വിജയം. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചിരുന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.

എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തിയിരുന്നു. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമ‍ർശനം.

Be the first to comment

Leave a Reply

Your email address will not be published.


*