ചില കേന്ദ്രങ്ങള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചില കേന്ദ്രങ്ങള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമസ്ത ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് സ്വീകരിക്കുമ്പോള്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അണികളെയും ഭീകരത സൃഷ്ടിച്ച് ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറയുന്നു.

ജനാധിപത്യ ഇന്ത്യയില്‍ ഓരോ പൗരനും നിഷ്പക്ഷമായി ചിന്തിച്ച് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. ഈ അവകാശം ഉള്‍പ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം ഇന്ന് ഏറ്റവും അനുയോജ്യമായ നാടാണ് കേരളം. ആ കേരളത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ രേഖപ്പെടുത്താനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും മുന്നോട്ട് വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനകില്ല. ഇത്തരം ഭീഷണികളെ ചെറുത്ത് തോല്‍പിച്ച നാടാണ് കേരളം. ഇങ്ങനെയുള്ള ഭീഷണികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണം. ഈ ഭീഷണികളിലൊന്നും വോട്ടര്‍മാര്‍ വഴങ്ങില്ലെന്ന് തിരിച്ചറിയണമെന്നും സിപിഐഎം സെക്രട്ടറി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*