
തിരുവനന്തപുരം : എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായി സിപിഐഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി.
ഇതുവരെയും ആരോപണ നിഴലില്‍ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് പരസ്യപ്പെടുത്തും.
ബലാത്സംഗപരാതിയില്‍ കേസെടുത്തതിന് ശേഷവും നടനെ പ്രതിരോധിക്കുന്ന നിലപാട് പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ചതോടെ ഇടതുമുന്നണി രണ്ടുതട്ടിലായിരിക്കുകയാണ്. മുകേഷ് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ചില സ്ത്രീകൾ രംഗത്തെത്തി കാര്യങ്ങൾ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മുകേഷ് രാജിക്ക് തയ്യാറായില്ലെങ്കില്‍ സംസ്ഥാന സർക്കാർ നടപടിയെടുക്കണം’, എന്നാണ് ആനി രാജ പ്രതികരിച്ചത്. മുകേഷ് രാജിവെക്കണമെന്നും എല്‍ഡിഎഫിനും സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കാതെ തീരുമാനം എടുക്കണമന്നും പ്രകാശ് ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി പ്രതികരിച്ചത്. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് ഒരു നിയമത്തിലും പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം എന്ന സാങ്കേതികത്വം കലര്‍ന്ന മറുപടിയായിരുന്നു പി കെ ശ്രീമതിയുടേത്. ജനപ്രതിനിധിയായിരിക്കുന്നയാള്‍ ആരോപണം ഉയരുമ്പോള്‍ രാജിവെക്കേണ്ടതില്ലെന്നും ജനപ്രതിനിധികളുടെ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതിയുണ്ടെന്ന് എ പി അനില്‍ കുമാറും പറഞ്ഞതോടെ മുകേഷിന്‍റെ രാജിയില്‍ മുന്നണി തീർത്തും രണ്ടുതട്ടിലായി.
ലെെംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത് എന്നത് സിപിഐഎമ്മിന് മുന്നിലുള്ള പ്രതിസന്ധി കടുപ്പിക്കുന്നതാണ്. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് പിന്നാലെയാണ് ആരോപണം ഉയര്‍ന്നതെന്നതും മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നതും. അതിനാല്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് പാർട്ടിക്ക് ബാധ്യതയാവും എന്നതില്‍ സംശയമില്ല. അതിനാല്‍ മുകേഷിന്‍റെ രാജിയില്‍ സിപിഐഎമ്മിനോ മുഖ്യമന്ത്രിക്കോ മനംമാറ്റമുണ്ടാവുമോയെന്ന് വരുമണിക്കൂറില്‍ വ്യക്തമാകും.
Be the first to comment