സിപിഐഎം വാദം പൊളിയുന്നു ; യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്സൈസ്

പത്തനംതിട്ട : കാപ്പ കേസ് പ്രതിക്കൊപ്പം ബിജെപിയില്‍ നിന്ന് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യദുവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് എക്‌സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് യദുകൃഷ്ണന്റെ പരാതിപ്പെട്ടു. തന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും യദുകൃഷ്ണന്‍ പറഞ്ഞു. സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തും എന്നായിരുന്നു മുന്നറിയിപ്പെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മൂന്നു പേരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്.

യദുകൃഷ്ണനെ മാത്രം എക്സൈസ് ഓഫീസില്‍ നിര്‍ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോള്‍ എക്‌സൈസ് വിഭാഗത്തിന്റെ പ്രതികരണം. ഇതിനിടെ സിപിഐഎമ്മിനെ ആരോപണം തള്ളി പത്തനംതിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്‍ അസീസ് രംഗത്തെത്തി.

കഞ്ചാവ് പിടിച്ചതിന് പിന്തുണ കിട്ടേണ്ടതിന് പകരം ആരോപണം വരുന്നതില്‍ സങ്കടമെന്ന് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം സംയുക്തമായാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തനിക്ക് ഒരു രാഷ്ട്രീയവുമില്ല. മുഖ്യമന്ത്രിയുടെ മെഡല്‍ വാങ്ങിയ ആളാണ് താന്‍. 23 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് താന്‍ ജോലി ചെയ്യുന്നതെന്നും എക്‌സസൈസ് ഉദ്യോഗസ്ഥന്‍ അസീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*