പുതിയകാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ: പുതിയകാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇക്കാലത്ത് മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു വരികയാണ്. അഭിപ്രായം പറയാന്‍ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാന്‍ പാടില്ല. ആ തെറ്റു തന്നെ ശരിയായി പോയ്‌ക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാന്‍ പോകുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

‘ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. മൂല്യരഹിതമായിട്ടാണ് നടക്കുന്നത്. മൂല്യാധിഷ്ഠിതമായി ഒന്നുമില്ല. ഒന്നാംതരം സിനിമകള്‍ ഇറങ്ങിയ നാടായിരുന്നു കേരളം. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോട് കൂടിയാണ്. അത് സാധാരണ ജീവിത്രകമമാക്കി മാറ്റിയിരിക്കുകയാണ്. അത് കണ്ട് ചെറുപ്പക്കാര്‍ വെള്ളമടിക്കുമ്പോള്‍ എന്തിനാണ് പൊലീസുകാര്‍ അവരെ പിടിക്കുന്നത്. സിനിമ നടന്‍മാരെ പിടിച്ചാല്‍ പോരെ?. സിനിമയിലെ വെള്ളമടിച്ച് തുടങ്ങുന്ന രംഗത്തിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാണ്.യൂറോപ്യന്‍ സിനിമകളില്‍ മദ്യപാനത്തിന് പ്രോത്സാഹനം കൊടുക്കുന്നത് നിങ്ങള്‍ എവിടയെങ്കിലും കണ്ടിട്ടുണ്ടോ’. സുധാകരന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*