തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തിൽ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാർട്ടിക്കുളളിൽ നടപടിയാവശ്യമുയര്‍ന്നതായാണ് വിവരം. കേരളത്തിൻ്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെ വെളിപ്പെടുത്തലിൻ്റെ ഞെട്ടലിലാണ് സിപിഎം.
പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് ഇപിക്കെതിരായ നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്നായിരുന്നു സിപിഎമ്മിന്‍റെ ആക്ഷേപം.
ഇതിനിടെയാണ് അനില്‍ ആന്‍റണിക്കെതിരായ ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. ഇതിനിടെയാണ് ശോഭാ സുരേന്ദ്രന്‍റെയും ഇപി ജയരാജന്‍റെയും പേര് പുറത്തുവന്നത്. ആ ചര്‍ച്ച വളര്‍ന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോള്‍ പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇപി ജയരാജനുമാണ്. തിരുവനന്തപുരത്തുള്ള മകന്‍റെ ഫ്ലാറ്റിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് ഇപി തന്നെ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് സിപിഎം നേതൃത്വം കേട്ടത്.
വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറയുകയെങ്ങനെയാണെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇപി പറഞ്ഞു. എന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സിപിഎമ്മുമായി ഉടക്കി നിന്ന ജയരാജന്‍ ഈ സമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ഒന്നിന് പിറകേ ഒന്നായി തുറന്നടിച്ചു. ഏതെങ്കിലും നേതാവിനെ കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് ഇപി ജയരാജനെ അക്കാര്യത്തില്‍ പിന്തുണച്ച മുഖ്യമന്ത്രി പക്ഷേ ദല്ലാള്‍ ബന്ധത്തിനെതിരെ കണക്കിന് പ്രഹരിച്ചു.
നേരത്തേ സാന്‍റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു. അത് കൂടി ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇതേ നിലപാട് തന്നെയാണ് പറഞ്ഞത്.
Be the first to comment