മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ പരസ്യപോര്‍മുഖം തുറന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന അന്‍വറിന് സിപിഎമ്മിനെയും അതിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു ധാരണയുമില്ലെന്നും വ്യക്തമായതായി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിനെ തകര്‍ക്കാന്‍ കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ പിന്നില്‍ അണിനിരക്കുന്ന ചില മാധ്യമങ്ങളും പ്രചാരണം നടത്തി വരികയാണ്.
അത് ഏറ്റുപിടിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അന്‍വറിന്റെ നിലപാടിനെതിരേ ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു.”അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയാണ്, പ്രതിപക്ഷത്തിന്റെ കളിപ്പാവയെന്ന പോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്.
ഇതിനെതിരേ പാര്‍ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അന്‍വറിന്റെ നിലപാടുകളും പ്രസ്താവനകളും പരിശോധിച്ചാല്‍ അദ്ദേഹത്തിന് സിപിഎമ്മിനെക്കുറിച്ചോ പാര്‍ട്ടിയുടെ സംഘടനാ സംവിധാനനത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നു വ്യക്തമാണ്”- ഗോവിന്ദന്‍ പറഞ്ഞു.
Be the first to comment