അന്‍വറിന്റെ പരാതി ഗൗരവത്തിലെടുത്ത് സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കുമെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതിയിലെ കാര്യങ്ങളും ഗൗരവമായി പരിശോധിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പി വി അന്‍വര്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സെക്രട്ടറി ചോദിച്ചെന്നും, അതിന് വിശദീകരണം നല്‍കിയെന്നും പി വി അന്‍വര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. പരാതിയില്‍ ബാക്കിയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തിൽ ഡിഐജിയും എസ്പിമാരും അടങ്ങുന്ന കീഴുദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തിയതിലുള്ള അതൃപ്തിയും അൻവർ പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത് എന്നാണ് അൻവർ ചോദിച്ചത്. ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ തിരിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍, അതാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

ജനങ്ങളോട് കമ്മിറ്റഡ് ആയിട്ടുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്ക്, സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയുമോയെന്ന് അൻവർ ചോദിച്ചു നമുക്ക് കാത്തിരുന്നു കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെയാണ് മുഖ്യമന്ത്രിയായത്?. അദ്ദേഹം വീട്ടില്‍ നിന്നും വന്ന് ആയതല്ലല്ലോ. ഈ പാര്‍ട്ടിയല്ലേ മുഖ്യമന്ത്രിയാക്കിയത്. അപ്പോള്‍ ആരോടാണ് പ്രതിബദ്ധത ഉണ്ടാകുക?. അദ്ദേഹം ഈ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ട് വന്നതല്ലേ?. തനിക്ക് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും കമ്മിറ്റ്‌മെന്റ് ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*