വിഷുവിന് പടക്കം ഓണ്‍ലൈനിൽ; വില്‍പന തടഞ്ഞ് ഹൈക്കോടതി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്‍പന തടയാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിഷു വിപണി മുന്നില്‍കണ്ട് ഓണ്‍ലൈന്‍ പടക്ക വില്‍പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

വിഷു ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ പടക്ക വില്‍പന തകൃതിയായി നടക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും നല്‍കിയായിരുന്നു ഓണ്‍ലൈന്‍ വില്‍പന. പല പ്രമുഖ ഷോപ്പിങ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും പടക്ക വില്‍പന നടന്നിരുന്നു. ഇത് വായ്പയെടുത്തും കടം വാങ്ങിയും പടക്ക കച്ചവടം ആരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

കൂടാതെ ലൈസന്‍സില്ലാതെയാണ് ഓണ്‍ലൈന്‍ പടക്ക വില്‍പനയെന്നും പരാതി ഉയര്‍ന്നു. സാധാരണ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനാല്‍ അപകട സാധ്യത കുറവാണ്. എന്നാല്‍ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് ഓണ്‍ലൈന്‍ വില്‍പനയെന്ന് പടക്ക ലൈസന്‍സികള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*