ബാർ കോഴ വിവാദം വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറായി. പണപ്പിരിവ് മദ്യ നയമാറ്റത്തിന് അല്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കോഴ നൽകാനാണ് പണം പിരിച്ചതെന്ന ആരോപണത്തിന് തെളിവോ മൊഴിയോ ഇല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബാർ ഉടമകൾ പണം പിരിച്ചത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഇടുക്കിയിലെ ബാറുടമ അനിമോന്റെ ശബ്ദ രേഖ തെറ്റിദ്ധാരണ മൂലമാകാമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സംഭവത്തിൽ രണ്ട് അന്വേഷണങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയത്. എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് സംസ്ഥാന പോലീസ് മേധാവിക്ക് വിഷയം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇതിലാണ് ഇപ്പോൾ റിപ്പോർട്ട് തയാറായിരിക്കുന്നത്. ബാർ കോഴക്ക് മദ്യനയവുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വിവിധ ജില്ലകളിലെ ബാറുടമകളുടെ മൊഴിയെടുത്ത ശേഷമാണ് കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെട്ടിരുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ടായിരുന്നു. ശബ്ദ സന്ദേശം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദങ്ങൾ വഴിവെച്ചിരുന്നു.
Be the first to comment