ചോദ്യപേപ്പർ ചോർത്തിയത് വാട്സാപ്പ് വഴി; ഉറവിടം കണ്ടെത്തി അന്വേഷണ സംഘം

ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി. പ്യൂൺ അബ്ദുള്‍ നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ എം എസ് സൊല്യൂഷന്‍സ് സ്ഥാപനത്തിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ വാട്സാപ്പ് വഴി അയച്ചു നല്കുകയായിരുന്നു. ഇരുവരുടെയും ഫോണുകൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർമാറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇതേ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ്.

പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ ചോദ്യപേപ്പറുകൾ ആണ് ആദ്യം ചോർത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചോർത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല.

വിഷയത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സ്കൂൾ അധികൃതർ പരീക്ഷ പേപ്പർ സൂക്ഷിക്കണമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി പറഞ്ഞു.കേസിൽ എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.അബ്ദുൾ നാസർ കേസിൽ നാലാം പ്രതിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*