ഗൂഢാലോചന കേസ്; സ്വപ്ന അന്വേഷണ സംഘത്തിനു മുന്നിലേക്ക്; നോട്ടീസ് നൽകി

കൊച്ചി: ഗൂഢാലോചന കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സ്വപനയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കെ ടി ജലീൽ നൽകിയ പരാതിയിലാണ് നടപടി . 27ന് എറണാകുളം പോലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷക സംഘം ചോദ്യം ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യുകയാണ്‌. മൂന്ന്‌ ദിവസം ചോദ്യം ചെയ്യുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇനി ഒരു ദിവസം കൂടി അവശേഷിക്കുന്നുണ്ട്.  ഇത്‌ പൂർത്തിയായാൽ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെടാനാണ്  പ്രത്യേകാന്വേഷക സംഘം തീരുമാനിച്ചിരുന്നത്.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കമുള്ളവർക്കുമെതിരെ സ്വർണക്കടത്ത്‌ കേസിലെ പ്രതികളും പി സി ജോർജും ചേർന്ന്‌ ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോർജ്‌ രണ്ടാം പ്രതിയുമാണ്‌. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

സ്വപ്‌നയും സരിത്തും പി സി ജോർജും ചേർന്നാണ്‌ ഗൂഢാലോചന നടത്തിയതെന്ന്‌ സരിത എസ്‌ നായർ മൊഴി നൽകിയിരുന്നു. ഇതിനായി പി സി ജോർജ്‌ സരിതയെ വിളിച്ചതിന്റെ ശബ്ദസന്ദേശമടക്കം പുറത്തുവന്ന സാഹചര്യത്തിൽ  സരിതയുടെ രഹസ്യമൊഴി  തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌  കോടതി രേഖപ്പെടുത്തിയിരുന്നു.

പരാതിക്കാരനായ കെ ടി ജലീൽ എം എൽ എ, സ്വപ്‌നയുടെ സുഹൃത്തുക്കളായ ഷാജ് ‌കിരൺ, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. സരിത എസ്‌ നായരെ തിരുവനന്തപുരം ഗസ്റ്റ്‌ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ്‌ ഗൂഢാലോചനയിൽ ഭാഗമാകണമെന്ന്‌ പി സി ജോർജ്‌ ആവശ്യപ്പെട്ടത്‌.  സരിതയുടെ മകന്റെയും ഡ്രൈവറുടെയും ഗസ്റ്റ്‌ ഹൗസ്‌ ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.  സരിത്തിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*