‘അമിത് ഷാക്ക് തെറ്റി;’ അശ്രദ്ധമൂലമുള്ള മരണത്തിന് ഡോക്ടർമാര്‍ക്ക് രണ്ടുവർഷം വരെ തടവ്, ഇളവ് നല്‍കിയെന്ന വാദം പൊളിഞ്ഞു

ചികിത്സക്കിടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തെറ്റി. ചികിത്സയ്ക്കിടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങൾക്ക് പുതുക്കിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 പ്രകാരം ഡോക്ടർമാർക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇത്തരം കേസുകളിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അഭ്യർത്ഥന മാനിച്ച് ബിഎൻഎസിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഭേദഗതി വരുത്തിയ ബിഎൻഎസ് വ്യാഴാഴ്ച പരസ്യമാക്കിയതോടെയാണ് അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞത്.

അശ്രദ്ധ കാരണമുള്ള കുറ്റത്തിന് മറ്റ് കുറ്റവാളികളെ അപേക്ഷിച്ച് ചെറിയ ശിക്ഷയാണ് ഡോക്ടർമാർക്ക് നിയമം നിഷ്കർഷിക്കുന്നത്. ബിഎൻഎസ്, 2023-ലെ സെക്ഷൻ 106 (1)-ൽ ‘നരഹത്യയല്ലാത്ത, അവിവേകമോ അശ്രദ്ധമോ ആയ പ്രവർത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണത്തിന് കാരണമായാൽ, അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.’ എന്നാൽ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ അത്തരം പ്രവൃത്തികളാണ് മരണത്തിനിടയ്ക്കുന്നത് എങ്കിൽ രണ്ടുവർഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷയായി ലഭിക്കുക. ഇതിനുപുറമെ മെഡിക്കൽ പ്രാക്ടീഷണർ ആരാണെന്ന നിർവചനവും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്റ്റ്, 2019 പ്രകാരം അംഗീകൃതമായ ഏതെങ്കിലും മെഡിക്കൽ യോഗ്യതയുള്ള, ദേശീയ/സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിലോ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയാണ് “രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ” എന്നതുകൊണ്ട് നിയമം അർത്ഥമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*