കോൺഗ്രസിൽ ചേരിതിരിവ്; അതിരമ്പുഴ പഞ്ചായത്തിൽ ബജറ്റ് പാസ്സാക്കാനാവാതെ ഭരണ പ്രതിസന്ധി

അതിരമ്പുഴ:  യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള അതിരമ്പുഴ പഞ്ചായത്തിൽ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിന് ഒപ്പം ചേർന്നതോടെ ബജറ്റ് പാസാക്കാനായില്ല. കഴിഞ്ഞമാസം ആറിന് നടന്ന ബജറ്റ് ആണ് ഇതുവരെ പാസ്സാകാനാകാത്തതു. അതിരമ്പുഴ പഞ്ചായത്തിന് സ്ഥലം വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്നു. ഇത് നാല് കോടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ 7 അംഗങ്ങൾ എൽ ഡി എഫിനൊപ്പം ചേർന്ന് വിയോജന കുറിപ്പ് എഴുതിയതോടെ ബജറ്റ് പാസാക്കാൻ ആവാതെ കമ്മിറ്റി പിരിഞ്ഞു. 

അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകിയിട്ടുള്ള ബജറ്റ് ആണ് പഞ്ചായത്ത് അവതരിപ്പിച്ചതെന്നും കഴിഞ്ഞ ബജറ്റിനെക്കാൾ വാർഡ് തലത്തിൽ റോഡുകൾക്ക് 10 ലക്ഷം രൂപ കൂടുതൽ അനുവദിച്ചിരുന്നു എന്നും പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ പറഞ്ഞു. 22 വാർഡുകളിലും റോഡുകളെല്ലാം തകർന്നു കിടക്കുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിന് മുൻഗണന നൽകേണ്ടതുണ്ടെന്ന് പ്രസിഡൻറ് കൂട്ടിച്ചേർത്തു.

ജില്ലയിലെ തന്നെ വരുമാനമുള്ള പഞ്ചായത്തുകളിൽ എ ഗ്രേഡ് പഞ്ചായത്തായ അതിരമ്പുഴ പഞ്ചായത്തിലാണ് ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. 22 അംഗ ഭരണസമിതിയിൽ വൻ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത് 15 അംഗങ്ങൾ യുഡിഎഫിന് ഉള്ളപ്പോൾ അഞ്ച് അംഗങ്ങൾ മാത്രമാണ് എൽഡിഎഫിനുള്ളത്‌, രണ്ടുപേർ സ്വാതന്ത്രർ. 

ഇന്നത്തെ യുഡിഎഫ് പാർലമെൻററി പാർട്ടി യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെറോയ് പൊന്നാറ്റിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*