എന്‍ എച്ച് എസിലെ പ്രതിസന്ധി; പത്ത് വര്‍ഷത്തെ ആരോഗ്യാസൂത്രണം’ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി

യു കെ: എൻ എച്ച് എസ് നേരിടുന്ന നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും അടുത്ത പത്ത് വർഷത്തെ ആരോഗ്യാസൂത്രണം പദ്ധതി അവതരിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പൊതുജനങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, എന്‍ എച്ച് എസ് ജീവനക്കാര്‍ എന്നിവരെയൊക്കെ അവരുടെ എന്‍ എച്ച് എസ്സുമായി ബന്ധപ്പെട്ട അനുഭവങ്ങളും, കാഴ്ചപ്പാടുകളും കൂടാതെ എന്‍ എച്ച് എസ് ആരോഗ്യ സേവനങ്ങള്‍ ഭാവിയില്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്നതുമായി ബന്ധപ്പെട്ട ആശയങ്ങളുമൊക്കെ നല്‍കുവാനായി ക്ഷണിച്ചിരിക്കുകയാണ് വെസ് സ്ട്രീറ്റിംഗ്.

ആരോഗ്യ പരിരക്ഷയ്ക്കുള്ള കാത്തിരിപ്പു സമയം  കൂടിയതും ആവശ്യമായ ജോലിക്കാരുടെ അഭാവവും മൂലമുള്ള പ്രശ്നങ്ങളും നിലവിലുണ്ടെങ്കിലും എൻഎച്ച്എസിനെ പഴയ രീതിയിലേയ്ക്ക് പുനഃസ്ഥാപിക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി. 

ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും change.nhs.uk എന്ന വെബ്‌സൈറ്റിലോ എന്‍ എച്ച് എസ് ആപ്പിലോ നിങ്ങള്‍ക്ക് നല്‍കാനാകും. അടുത്ത വർഷം ആദ്യം വരെ സമർപ്പിക്കാം. നിർദിഷ്ട ആരോഗ്യ പദ്ധതിയുടെ ഒരു പ്രധാന ഘടകം ആശുപത്രി കേന്ദ്രീകൃത പരിചരണത്തിൽ നിന്ന് കൂടുതൽ കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനത്തിലേക്കുള്ള മാറ്റമാണ്. ജിപിമാർ, ജില്ലാ നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കെയർ വർക്കർമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുമായുള്ള കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന കൂടുതൽ സമീപസ്ഥമായ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. 

എൻ എച്ച് എസിനെ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും ഭാവിക്ക് അനുയോജ്യമായി രീതിയിൽ പരുവപ്പെടുത്തുന്നതിനും ഒരു നല്ല  അവസരമായി പദ്ധതിയെ കാണുന്നുവെന്നാണ് പ്രധാനമന്ത്രി ഈ ആരോഗ്യ പദ്ധതിയെ കുറിച്ച് പറഞ്ഞത്. വർഷങ്ങളായി തുടരുന്ന അവഗണന കാരണം പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്നും എൻഎച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിന് സാമൂഹിക പരിചരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*