രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം

തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദം സിപിഐയില്‍ മുറുകുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടത്. പി പി സുനീറിന് രാജ്യസഭാ സീറ്റ്  നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകളുടെ തുടക്കം. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇന്നലെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു.

ഇതോടെയാണ് യോഗത്തില്‍ ചേരിതിരിഞ്ഞുള്ള വിമര്‍ശനം തുടങ്ങിയത്. ചര്‍ച്ചയുടെ ആദ്യദിനമായ ഇന്നലെ കാനം വിരുദ്ധപക്ഷം സുനീറിന് എതിരെ ഒന്നായി ആസൂത്രിത വിമര്‍ശനം നടത്തി. എന്നാല്‍, ഇന്ന് പഴയ കാനം പക്ഷം സുനീറിന് അനുകൂലമായി ഇതിനെതിരെ തിരിച്ചടിച്ചു. ഇതിന്റെ ഭാഗമായി വി എസ് സുനില്‍ കുമാറിനെ ഒരു വിഭാഗം സംഘടിതമായി കടന്നാക്രമിച്ചു. ആറ് തവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ പ്രതികരിച്ചു.

പിന്നീടും ഒരാളെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. അതിന്റെ മാനദണ്ഡമെന്തെന്ന് ഇപ്പോഴും അറിയില്ലെന്നും സുശീലന്‍ പറഞ്ഞു. കെ ഇ ഇസ്മയിലിനെയും എം പി അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്‍ശനം. സംഭവത്തില്‍ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സുനില്‍ കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*