ഉന്നതഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ സേനയെകുറിച്ച് തെറ്റായ ചിത്രമുണ്ടാക്കി ;വിമര്‍ശിച്ച് പോലീസ് അസോസിയേഷന്‍

കൊച്ചി : ഉന്നത ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങള്‍ പൊതുമധ്യത്തില്‍ സേനയെക്കുറിച്ച് തെറ്റായ ചിത്രമുണ്ടാക്കിയെന്ന് വിമര്‍ശനം. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് പരാമര്‍ശം. മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, എംഎല്‍എ പി വി അന്‍വറിനോട് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷം പുറത്ത് വന്നിരുന്നു. 

ഇത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. മേല്‍ ഉദ്യോഗസ്ഥ കീഴ് ഉദ്യോഗസ്ഥ ബന്ധം അടിമ ഉടമ ബന്ധം ആണെന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നും സേനയുടെ ഭാഗമാണെന്നും പ്രമേയത്തില്‍ പറയുന്നു. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമാവണമെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ, തങ്ങളുടെ കീഴുദ്യോഗസ്ഥരുടെ അഭിമാനത്തെയും അന്തസ്സിനെയും കളങ്കപ്പെടുത്തും വിധം പെരുമാറുന്നു. 

ഇക്കാര്യങ്ങള്‍ പരിശോധിച്ച് തിരുത്താന്‍ മുന്‍കൈ എടുക്കണം. ‘കെട്ടിയിട്ടു വളര്‍ത്തുന്നതിന് ശൗര്യം കൂടും’ എന്ന് പറയുന്നതിന് പിറകെ പോകുന്ന ചെറു ന്യൂനപക്ഷം വരുന്ന മേലുദ്യോഗസ്ഥരുടെ മനോഭാവം മാറണമെന്നും വിമര്‍ശനമുയര്‍ന്നു.

പോലീസ് സേനയിലെ അംഗബലം ഉയര്‍ത്തി അടിസഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. പോലീസ് അംഗബലത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ് കേരളം. പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യമില്ല. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പേപ്പര്‍ പോലും കിട്ടാനില്ല. കെട്ടിടങ്ങളില്‍ സൗകര്യമില്ല. വാര്‍ഷിക പേപ്പര്‍ ക്വാട്ട പോലും ഒരു മാസത്തെ ആവശ്യത്തിന് തികയില്ല. പുതുതായി പണിത ഇരിപ്പിടമോ, മേശയോ ഫയലുകള്‍ വെക്കാനുള്ള അലമാരയോ ഇല്ല, ചോര്‍ന്നൊലിക്കുന്ന വാഹനങ്ങളില്‍ വിഐപി പൈലറ്റ് ജോലി ചെയ്യുന്നത് അപകടങ്ങളുണ്ടാക്കുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. പ്രതിഷേധങ്ങളുടെ പേരില്‍ പോലീസിന് മേല്‍ കരി ഓയില്‍ ഒഴിച്ചതും നിയമസഭയില്‍ സേനാംഗങ്ങളെ കയ്യേറ്റം ചെയ്തതും ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതും നിരാശാജനകമാണ്. ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കാര കമ്മീഷന്‍ നിയമിക്കുക എന്നീ കാര്യങ്ങളും പോലീസ് അസോസിയേഷൻ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*